കോഴിക്കോട്: എം.എസ്.എഫ് 2017ല്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ വിഷന്‍ 2017 ന്റെ പ്രഖ്യാപനസമ്മേളനവും ദേശീയ ഭാരവാഹികള്‍ക്കുള്ള സ്വീകരണയോഗവും ലീഗ്ഹൗസില്‍ നടന്ന ചടങ്ങില്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു. ദേശീയബോധം പോലും കോടതികള്‍ വഴി നടപ്പാക്കുന്ന കാലയളവില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പി.കെ ഫിറോസ് പറഞ്ഞു. ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതും കാണാതിരിക്കാനാവില്ല. കോടതിവിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന കോടതിവിധിയും വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണ്. ഭരണകൂടത്തിന്റെ നിഗൂഢമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

ഐ.സ് ഭീകരത എതിര്‍ക്കപ്പെടേണ്ടതാണ്. അതിനോടുള്ള എതിര്‍പ്പ് ദേശവ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. മാധ്യമങ്ങളും ഈ വിഷയം ശക്തമായി കൈകാര്യം ചെയ്യുന്നു. എന്നാല്‍ റോഹിങ്ക്യന്‍ ജനതക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചര്‍ച്ച ചെയ്യപ്പെടണം. പി.കെ ഫിറോസ് പറഞ്ഞു.
ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി വിഷന്‍ 2017 പ്രഖ്യാപനം നിര്‍വഹിച്ചു. എം.എസ്.എഫ് ദേശീയ ഭാരവാഹികളായ ടി.പി അഷ്‌റഫലി, പി.വി അഹമ്മദ് ഷാജു, സിറാജുദ്ദീന്‍ നദ്‌വി, അഡ്വ. കെ. ഫാത്തിമ തഹലിയ, എന്‍.എ കരീം, ഷമീര്‍ ഇടയാട്ടില്‍, ഫസല്‍ വയനാട്, റിയാസ് നാലകത്ത് എന്നിവര്‍ക്ക് പി.കെ ഫിറോസ് ഉപഹാരം നല്‍കി.
പി.ജി മുഹമ്മദ് പ്രസംഗിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. ശരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നോന്‍, ശബീര്‍ ഷാജഹാന്‍, ഹാഷിം ബംബാണി, നിഷാദ് കെ. സലിം, കെ.കെ അസീസ്, മുഫീദ തസ്്‌നി എന്നിവര്‍ നേതൃത്വം നല്‍കി. സംഘപരിവാറിന്റെ ഭീഷണി നേരിട്ട എം.ടി വാസുദേവന്‍നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.