ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം നാദിര്‍ഷാ മാധ്യമങ്ങളോട് സംസാരിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്ന് നാദിര്‍ഷാ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. പള്‍സര്‍സുനിയെ അറിയില്ല. കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്‍ എന്ന സിനിമയുടെ സെറ്റില്‍ വന്ന് താന്‍ സുനിക്ക് പണം നല്‍കിയെന്ന വാദം അടിസ്ഥാനരഹിതമാണ്. താന്‍ നിരപരാധിയാണ്. അത് തെളിയിക്കണം. പലരും തന്റെ നേരെ ആരോപണങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. അതുകൂടി ഇല്ലാതാക്കുന്നതിന് ഈ ചോദ്യം ചെയ്യലിലൂടെ കഴിയും. പോലീസുകാര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നാദിര്‍ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയതോടെ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച നാദിര്‍ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.