മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ചോദ്യം ചെയ്തത്. ദീപികയെ അഞ്ചര മണിക്കൂര്‍ ചോദ്യം ചെയ്തു.

ലഹരിയുമായി ബന്ധപ്പെട്ട 2017ലെ വാട്‌സപ്പ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് വിവരം. മാനേജര്‍ കരീഷ്മ പ്രകാശിന്റെ ഇന്നലത്തെ മൊഴികളുമായി ബന്ധപ്പെട്ടും ദീപികയില്‍ നിന്ന് വിശദീകരണം തേടി. മൊഴിയെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

രാവിലെ ഒമ്പതു മണി കഴിഞ്ഞാണ് ദീപികയും പിന്നാലെ മാനേജറും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. മാനേജരെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു. അതേസമയം ജെഎന്‍യു വിദ്യാര്‍ഥികളുടെ പൗരത്വ സമരത്തില്‍ പങ്കെടുത്തതിന്റെ പകപോക്കലാണ് ദീപികക്കെതിരെ നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.