ന്യൂഡല്‍ഹി: നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇയുടെ cbseneet.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം.

മെയ് ആറിനാണ് പരീക്ഷ നടന്നത്. 13 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്തെ 136 പട്ടണങ്ങളിലെ 2225 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായാണ് പരീക്ഷ നടന്നത്.

പരീക്ഷയുടെ ഉത്തര സൂചികയും ഒഎംആര്‍ ഷീറ്റും ടെസ്റ്റ് ബുക്‌ലെറ്റിന്റെ കോഡും മേയ് 25 ന് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിരുന്നു. ഇവ പരിശോധിച്ചശേഷം മേയ് 27 വരെ പരാതികള്‍ അറിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. പരാതികള്‍ പരിശോധിച്ചശേഷമാണ് അന്തിമ ഉത്തര സൂചിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്ക് എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്‌സുകളിലേക്ക് പ്രവേശനം നടക്കുക.