ഭോപ്പാല്‍: നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രം ലഭിച്ച വിഷമത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. പതിനെട്ടുകാരിയായ സൂര്യവന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു സൂര്യവന്‍ഷി. ഡോക്ടറാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി നന്നായി തന്നെ പരീക്ഷയ്ക്കായി തയാറെടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ പിന്നീട് മാതാപിതാക്കള്‍ ഒഎംആര്‍ ഷീറ്റ് വീണ്ടും പരിശോധിച്ചപ്പോള്‍ 590 മാര്‍ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തപ്പോള്‍ വന്ന പിഴവാകാം കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അപ്പോഴേക്കും വിഷാദത്തിലേക്ക് കൂപ്പുകുത്തിയ പെണ്‍കുട്ടിയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല.

വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് സൂര്യവന്‍ഷിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പരാസിയ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുമേര്‍ സിങ് ജാട്ടെ പറഞ്ഞു.