മുംബൈ: ടീം അംഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിന് ഇരട്ട മുഖമാണ് ഉള്ളതെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അച്ഛനാകാന്‍ പോകുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് അവധി നല്‍കുകയും അച്ഛനായ പേസ് ബൗളര്‍ ടി നടരാജന് അതു നിഷേധിക്കുകയും ചെയ്തതിനെയാണ് ഗവാസ്‌കര്‍ ചോദ്യം ചെയ്തത്.

യുഎഇയില്‍ നടന്ന ഐപിഎല്‍ പ്ലേ ഓഫിനിടെ നവംബറിലാണ് നടരാജന്‍ പിതാവായത്. ഇദ്ദേഹം ഇപ്പോഴും ടീം ഇന്ത്യയ്ക്ക് ഒപ്പമാണ് ഉള്ളത്. ടീമിലെ യുവതാരമായ നടരാജന് എന്തു കൊണ്ട് അവധി അനുവദിക്കുന്നില്ല എന്നതാണ് ഗവാസ്‌കറിന്റെ ചോദ്യം.

ടി നടരാജന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് നടരാജന്‍ ദേശീയ ടീമിലെത്തിയത്. എന്നാല്‍ ഐപിഎല്‍ അവസാനിച്ചതിന് പിന്നാലെ ടീം യുഎഇയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുകയായിരുന്നു.

‘യുഎഇയില്‍ നിന്ന് നേരെ നടരാജന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയായിരുന്നു. ടി20യിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ടെസ്റ്റ് പരമ്പരയില്‍ നെറ്റ്ബൗളര്‍ ആയാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മറ്റൊരു ഫോര്‍മാറ്റില്‍ മാച്ച് വിന്നറായ ഒരാളെ നെറ്റ് ബൗളര്‍ ആക്കിയതിനെ കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. ജനുവരി മൂന്നാം വാരം ടെസ്റ്റ് കഴിഞ്ഞ ശേഷമേ അദ്ദേഹത്തിന് നാട്ടില്‍ പോകാനാകൂ. ആദ്യമായി സ്വന്തം മകളെ കാണാനാകൂ. എന്നാല്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റിന് ശേഷം ആദ്യ കുഞ്ഞിന്റെ പ്രസവം കാണാനായി നാട്ടിലേക്ക് മടങ്ങുന്നു. അതാണ് ഇന്ത്യന്‍ ക്രിക്കറ്റ്”

സ്‌പോര്‍ട്‌സ് സ്റ്റാറില്‍ എഴുതിയ കോളത്തില്‍ ഗവാസ്‌കര്‍ 

ഒന്നാം ടെസ്റ്റിലെ നാണം കെട്ട തോല്‍വിക്കു ശേഷമാണ് കോലി ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവ സമയത്ത് കൂടെ ഉണ്ടാകാനായി നാട്ടിലേക്ക് മടങ്ങിയത്. അഡലൈഡില്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ടീം എട്ടു വിക്കറ്റിനാണ് തോറ്റിരുന്നത്.

ഓപണര്‍ രോഹിത് ശര്‍മ്മ കളിക്കാനായി ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാല്‍ മൂന്നാം ടെസ്റ്റിലേ രോഹിതിന് കളിക്കാനാകൂ.