ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദങ്ങളാണ് ഇന്ന് ലോകത്തെ ഭയപ്പെടുത്തുന്നത്. യഥാര്‍ത്ഥ കോവിഡ് വകഭേദത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ യുകെയിലും ദക്ഷിണാഫ്രിക്കയിലും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദങ്ങള്‍ക്കുണ്ട്. യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് പുതിയ വകഭേദം മൂലം കോവിഡ് ബാധിച്ചവര്‍ക്ക് യഥാര്‍ത്ഥ വകഭേദത്തെ അപേക്ഷിച്ച് ലക്ഷണങ്ങള്‍ വളരെ വേഗം പ്രത്യക്ഷമാകുന്നുണ്ട്.

കൂടുതല്‍ വ്യാപനശേഷിയുള്ളതും മാരകവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതുമായ പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

പനി
പുതിയ വകഭേദം മൂലം കോവിഡ് ബാധിച്ചവരില്‍ 22 ശതമാനം പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ കോവിഡ് വകഭേദം മൂലം പനി വന്നത് 19 ശതമാനത്തിനാണ്. ഉയര്‍ന്ന, തുടര്‍ച്ചയായ പനി കാണിക്കുന്ന കോവിഡ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

തലവേദന
യുകെ വകഭേദത്തിലും പഴയ വകഭേദത്തിലും ഒരേ പോലെ കാണപ്പെടുന്നതാണ് തലവേദന എന്ന ലക്ഷണം. അതിനാല്‍ ഇതും പ്രത്യേകം കരുതിയിരിക്കണം.

വിശപ്പില്ലായ്മ
ഛര്‍ദ്ദി, മനംമറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സങ്കീര്‍ണതകള്‍ കോവിഡുമായി ബന്ധപ്പെട്ടും പ്രത്യക്ഷപ്പെടാം.

ചുമ
യഥാര്‍ഥ കോവിഡ് വകഭേദം മൂലമുള്ള രോഗത്തില്‍ തൊണ്ട വേദനയായിരുന്നു പൊതുവായി കാണപ്പെട്ടതെങ്കില്‍ പുതിയ വകഭേദത്തില്‍ അത് ചുമയാണ്. ഇതിലെ 35 ശതമാനം കേസുകളും യുകെ വകഭേദം മൂലമാണ്.

ശ്വാസം മുട്ടല്‍
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കോവിഡിന്റെ ഇരു വകഭേദത്തിലമുണ്ട്. ശ്വാസമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അതിനാല്‍ തന്നെ അവഗണിക്കരുത്.

പേശീ വേദന, സന്ധി വേദന
പേശീ വേദനയും സന്ധി വേദനയും കോവിഡ് രോഗികളില്‍ പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിട്ടുമാറാത്ത പേശീ വേദനയും ക്ഷീണവും പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങളാകാം.

മണവും രുചിയും നഷ്ടമാകല്‍
പുതിയ വകഭേദത്തേക്കാള്‍ പഴയ വകഭേദവുമായി ബന്ധപ്പെട്ടതാണ് ഈ ലക്ഷണം. കൊറോണ വൈറസിന്റെ പഴയ വകഭേദം മൂലം കോവിഡ് ബാധിതരായവരില്‍ 60 ശതമാനത്തിലേറെ കേസുകളില്‍ മണവും രുചിയും നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വകഭേദം മൂലമുണ്ടാകുന്ന കോവിഡില്‍ ഇത് അത്ര വ്യാപകമല്ല. പുതിയ വകഭേദം മൂലം കോവിഡ് വന്നവരില്‍ 17 ശതമാനത്തിനേ ഈ ലക്ഷണം ഉണ്ടായിരുന്നുള്ളൂ