മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്‍ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത്
തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്‍ നടന്ന സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിലാണ് മന്ത്രി മണി സി.പി.ഐയെ കടുത്ത ഭാഷയില്‍വിമര്‍ശിച്ചത്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് പരസ്യമായ പോരിന് വഴിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം, തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്‍ എങ്ങോട്ടു പോയാലും ജനങ്ങള്‍ ഇടതുമുന്നണിയുടെ കൂടെയാണ്. ആര്‍ക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങള്‍ നടത്തി സി.പി.എം ജന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ നല്ലതല്ലെന്നും തുടങ്ങി രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മന്ത്രി മണിയുടെയും സി.പി.ഐക്കെതിരെയുള്ള പരാമര്‍ശം