ഇബ്ര എന്ന ഇബ്രാഹീമോവിച്ച്. അദ്ദേഹത്തിന്റെ മടങ്ങി വരവിലൂടെയാണ് സ്വിഡിഷ് ദേശീയ ടീം യൂറോ വാര്‍ത്തകളില്‍ നിറഞ്ഞത്. സിരിയ എ യില്‍ ഏ.സി മിലാന് വേണ്ടി അരങ്ങ് തകര്‍ത്ത താരത്തെ രാജ്യം തിരികെ വിളിച്ചച്ചത് 89-ാം വയസില്‍. അഞ്ച് വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും മഞ്ഞ ജഴ്‌സിയില്‍. നിര്‍ഭാഗ്യവാനായിരുന്നു പക്ഷേ ഇബ്ര. എന്നുമെന്നും അലട്ടാറുള്ള പരുക്ക് അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ അവസാനം അദ്ദേഹം തന്നെ പ്രിയ കോച്ച് ജാനെ ആന്‍ഡേഴ്‌സണെ വിളിച്ചു-വേദനയോടെ പറഞ്ഞു, ഞാനില്ല. യൂറോക്ക് മുമ്പ് നടന്ന സന്നാഹ മല്‍സരങ്ങളില്‍ കരുത്ത് തെളിയിച്ചിരിക്കുന്നു സ്‌കാന്‍ഡിനേവിയക്കാര്‍. എസ്റ്റോണിയയെ ഒരു ഗോളിനും ഫിന്‍ലാന്‍ഡിനെ രണ്ട് ഗോളിനും അര്‍മീനിയക്കാരെ 3-1 നും തോല്‍പ്പിച്ചാണ് അവര്‍ ജൂണ്‍ 15ന് ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ശക്തരായ സ്‌പെയിനിനെ നേരിടാന്‍ ഒരുങ്ങുന്നത്. യുവന്തസ് നിരയില്‍ മിന്നുന്ന 21 കാരന്‍ ഡിജാന്‍ കുലുസെവസ്‌കിയാണ് ടീമിന്റെ തുരുപ്പ് ചീട്ട്. അതിവേഗക്കാരനാണ് ഈ അറ്റക്കിംഗ് മധ്യനിരക്കാരന്‍.

കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് നിരന്തരം പന്ത് എത്തിക്കാറുള്ള മിടുക്കന്‍. അവസരങ്ങള്‍് കൈവരുമ്പോള്‍ ഗോളടിക്കാനും മറക്കാറില്ല. സിരിയ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും യുവന്തസിന്റെ ഭാവി താരമായി എളുപ്പത്തില്‍ കുലുസെവസ്‌കി വാഴ്ത്തപ്പെട്ടു. ജാനേ ആന്‍ഡേഴ്‌സന്റെ സംഘത്തില്‍ നിറയെ യൂറോപ്യന്‍ ക്ലബ് താരങ്ങളാണ്. മുന്‍നിരയില്‍ റയല്‍ സോസിദാദിന്റെ അലക്‌സാണ്ടര്‍ ഇസാക്കിനെ സൂക്ഷിക്കണം. ജര്‍മന്‍ ബുണ്ടസ് ലീഗില്‍ മെയിന്‍സിനായി കളിക്കുന്ന റോബിന്‍ക്വാസണും കരുത്തനാണ്. മധ്യനിരയില്‍ കുലുസെവസ്‌ക്കിയെ കൂടാതെ ബോളോഗ്നയുടെ മത്തിയാസ് സെവന്‍ബര്‍ഗ്, ലൈപ്‌സിഗിന്റെ എമില്‍ ഫ്രോസ്ബര്‍ഗ് എന്നിവരെല്ലാം കരുത്തരാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിക്ടര്‍ ലിന്‍ഡോഫാണ് പ്രതിരോധത്തെ നയിക്കുന്നത്. അപ്പോഴും സ്വിഡിഷുകാരുടെ വേദന ഇബ്രയെ ഓര്‍ത്താണ്. ആ സൂപ്പര്‍ താരം ഉണ്ടായിരുന്നെങ്കില്‍.