തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്‍ കടന്നുപിടിച്ചെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു. വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.

പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ചോദിച്ചു. അതേസമയം, നിഷക്കെതിരെ പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് പുസ്തകത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ ഷോണ്‍ ജോര്‍ജ് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കി. ആരാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ട്രെയിന്‍ യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും. അന്നു മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അപമാനിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും അദേഹം അറിയിച്ചു.

നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിമാക്കാന്‍ ശ്രമിച്ചുവെന്ന് നിഷ പറയുന്നു. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്. അതേസമയം, തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് നിഷ ജോസ്.