കോഴിക്കോട്: നോട്ട് ക്ഷാമത്തിന് പുറമെ ഇന്നും നാളെയും ബാങ്ക് അവധിയായത് പണ പ്രതിസന്ധിക്കിടയാക്കുന്നു. നാളെ ക്രിസ്മസ് ആയതിനാല്‍ പ്രതിസന്ധി കനക്കും. മിക്ക എടിഎമ്മുകളും ഇപ്പോള്‍ തന്നെ കാലിയാണ്. അവധി മുന്നില്‍ കണ്ട് പണം നിറച്ചെങ്കിലും രാത്രിയോടെതന്നെ കാലിയായി. ബാങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന എടിഎമ്മുകളില്‍ ഇന്നും നാളെയും പണം തീര്‍ന്നാല്‍ പണം നിറക്കില്ല.

അതേസമയം രണ്ടായിരത്തിന്റെ നോട്ടാണ് എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്നത് എന്നതിനാല്‍ പലരും എടുക്കുന്നില്ല. ചില്ലറ ലഭിക്കാത്തതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടകള്‍ കയറിയിറങ്ങണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സാധനം വാങ്ങുന്നതിന് മുമ്പ് രണ്ടായിരത്തിന് ചില്ലറയുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഗതികേടിലാണ് ഉപയോക്താക്കള്‍. ഒന്നോ, രണ്ടോ പേര്‍ക്ക് ചില്ലറ കൊടുക്കാനെ വ്യാപാരികളുടെ കയ്യില്‍ പണം കാണൂ. അതേസമയം സൈ്വപ്പിങ് മെഷീനുകള്‍ പണി മുടക്കുന്നതും വ്യാപാരികള്‍ക്ക് തലവേദനയാണ്.