india

വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി

By sreenitha

January 17, 2026

തിരുവനന്തപുരം: 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി. രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.

കർണ്ണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കറുടെ പേര് എസ്‌.ഐ.ആർ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെയും പേരുകൾ കർണ്ണാടകയിലെ പട്ടികയിൽ ഉണ്ടായിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിലും, 2002 ലെ കേരള പട്ടികയിലോ കർണ്ണാടകയിലെ എസ്‌.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാൽ മാപ്പിങ് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എൻയൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ ഈ വിവരം സി.ഇ.ഒ തന്നെ രേഖപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടിന്റെ പകർപ്പും എൻയൂമറേഷൻ ഫോമിനൊപ്പം സമർപ്പിച്ചിരുന്നു.

തുടർന്ന് ബി.എൽ.ഒ വഴി ഇ.ആർ.ഒ ഹിയറിങ്ങിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കവടിയാർ വില്ലേജ് ഓഫീസിൽ എത്തിയത്. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതോടെ ഇ.ആർ.ഒ പരിശോധന നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടി പൂർത്തിയാക്കി.

2002-ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു. ഖേൽക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹിയറിങ്ങിന് എത്തിയതെന്നും, വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് എത്തിയതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സമയം നീട്ടുമെന്നും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിനകം ഹിയറിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, ആവശ്യമെങ്കിൽ ഒഴിവാക്കൽ പട്ടികയിലെ പേരുകൾ കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.