kerala

ന്യായമായ നിയമസഹായം ലഭിച്ചില്ല; 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

By sreenitha

January 16, 2026

കൊച്ചി: ന്യായമായ നിയമസഹായം ലഭിക്കാത്ത സാഹചര്യം വിലയിരുത്തി 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി.

പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ നടത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റ് മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ വിചാരണ നടത്തിയെങ്കിലും, വിചാരണ വേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നും പ്രതി ഉന്നയിച്ച വാദം കോടതി അംഗീകരിച്ചു.

14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വീണ്ടും വിചാരണ നടത്തുന്നത് നീതിയുക്തമല്ലെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിചാരണ നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.