വാഷിങ്ടണ്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കാനൊരുങ്ങുന്ന നോവവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. യുഎസില്‍ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു.

മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങും. മൂന്നാം പാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വര്‍ഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക.