വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്.
വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഭീഷണയില്ലെന്നും എന്‍.എസ്.എ പ്രസ്താവനയില്‍ അറിയിച്ചു. ആസ്ഥാനത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരാളെ വളയുകയും കൈകള്‍ ബന്ധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എന്‍ബിസി ന്യൂസ് പുറത്തുവിട്ടു. ഒരു കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച വാഹനവും വെടിയേറ്റ് തകര്‍ന്ന ഗ്ലാസുകളും ദൃശ്യങ്ങളില്‍ കാണാം. വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

ആരാണ് വെടിവെച്ചതെന്നതുള്‍പ്പെടെ സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്‍.എസ്.എ വെളിപ്പെടുത്തിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും മറ്റും ചോര്‍ത്തി രഹസ്യനിരീക്ഷണം നടത്തുന്ന സംഘടനയാണ് എന്‍.എസ്.എ. വെടിവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. 2015 മാര്‍ച്ചില്‍ കനത്ത സുരക്ഷാ വലയത്തിലുള്ള എന്‍.എസ്.എ ആസ്ഥാന മന്ദിരത്തിന്റെ പ്രവേശന കവാടത്തിലേക്ക് രണ്ടുപേര്‍ വാഹനം ഇടിച്ചുകയറ്റിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. മയക്കുമരുന്ന് ലഹരിയിലാണ് ഇവര്‍ വാഹനം ഇടിച്ചുകയറ്റിയതെന്ന് പിന്നീട് തെളിയുകയുണ്ടായി.