റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പള്ളി നിര്‍മിക്കുന്നു. ഇസ്ലാമാബാദിലെ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പുതിയ ക്യാമ്പസിലാണ് പള്ളി നിര്‍മ്മിക്കുന്നത്. പ്രോജക്ടിന് സല്‍മാന്‍ രാജാവ് അനുമതി നല്‍കി.

ഏകദേശം 3.2 കോടി ഡോളര്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന ഈ പള്ളിക്ക് 41,200 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുണ്ടാകും. പ്രാര്‍ത്ഥനാ ഹാള്‍, പള്ളിയോട് ചേര്‍ന്നുള്ള ലൈബ്രറി, മ്യൂസിയം എന്നിവയും ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. കൂടാതെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലുള്ള ഒരു കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. 6,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് 6,800 ചതുരശ്ര മീറ്ററിലുള്ള പ്രാര്‍ത്ഥനാ ഹാള്‍. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ശുചിമുറി സംവിധാനങ്ങളും ഇതിനോട് ചേര്‍ന്ന് നിര്‍മ്മിക്കും.