X

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; വില നിര്‍ണയത്തിലെ അപാകത പരിഹരിക്കാൻ തീരുമാനം

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വില നിര്‍ണയത്തിലെ അപാകത തീര്‍ക്കാൻ തീരുമാനം. കഴിഞ്ഞ 30ന് ജില്ലയില്‍ എത്തിയ ലാൻഡ് റവന്യൂ കമ്മീഷ്ണര്‍ ഡോ.എ. കൗശികിന്‍റെ നിര്‍ദേശമാണ് നടപ്പാക്കുന്നത്.

ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്‍ധിക്കും. കാറ്റഗറി മാറ്റം ആവശ്യപ്പെട്ട് ഇതുവരെ 45 പരാതികളാണ് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ലഭിച്ചത്. നിലവില്‍ നിശ്ചയിച്ച നഷ്ട പരിഹാരമാണ് വിതരണം ചെയ്യുക. കാറ്റഗറിയില്‍ മാറ്റം വരുന്നതോടെ കൂടുതല്‍ ആവശ്യമായി വരുന്ന തുക പിന്നീട് വിതരണം ചെയ്യും.

മൂന്ന് മീറ്ററില്‍ താഴെയുള്ള വഴികളും ചവിട്ടുവഴികളും പാലക്കാട് ജില്ലയില്‍ ചെയ്തത് പോലെ വഴിയായിട്ട് അംഗീകരിക്കുക, ഭൂ ഉടമകള്‍ പരസ്പരം വിട്ടുകൊടുത്ത് ഉപയോഗിച്ചു പോരുന്നതും സ്ഥല പരിശോധനയില്‍ കാണാൻ കഴിയുന്നതുമായ എല്ലാ വഴികളും അംഗീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാകും പരിഗണിക്കുക.

ഭൂമി വിവിധ വിഭാഗങ്ങളാക്കി തിരിച്ചപ്പോള്‍ തന്നെ ഇരകള്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ത്തുകയും ഡെപ്യൂട്ടി കളക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഏറ്റെടുത്ത കൈവശങ്ങളുടെ ഉടമകള്‍ക്കുള്ള നഷ്ട പരിഹാരമായി ഇതുവരെ 311 കോടി രൂപ വിതരണം ചെയ്തു. 455 കൈവശങ്ങള്‍ക്കാണ് ഇത്രയും തുക നല്‍കിയത്. 53 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ പാത കടന്നു പോകുന്നത്.

webdesk13: