ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സിക്കിം അതിര്‍ത്തിയിലെ ദോക്്‌ലാമില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഉന്നയിച്ച് ആദ്യ ദിനം തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.
പുതിയ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. എം.പിമാരായിരുന്ന വിനോദ് ഖന്ന, അനില്‍ ദവെ, പി ഗോവര്‍ദ്ദന്‍ റെഡ്ഢി എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയുന്ന സഭ ഇന്ന് കാര്യമായ നടപടി ക്രമങ്ങളിലേക്ക് കടക്കില്ല. നാളെ മുതല്‍ സഭാ സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് സൂചന.
ഓഗസ്റ്റ് 11 വരെ 19 ദിവസമാണ് സഭ സമ്മേളിക്കുക. ഇതിനിടയില്‍ ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പും ഓഗസ്റ്റ് അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ രൂപപ്പെട്ട ഐക്യം മുന്‍ സെഷനുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ സര്‍ക്കാറിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. വിദ്യാഭ്യാസം, സുരക്ഷ, ധനകാര്യം, തൊഴില്‍, ഷിപ്പിങ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി ബില്ലുകളും ഈ സെഷനില്‍ സഭയുടെ പരിഗണനക്ക് വരുന്നുണ്ട്.
കോണ്‍ഗ്രസ്, സി. പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്് വാദി പാര്‍ട്ടി, എന്‍. സി.പി, ബി.എസ്,പി, ജെ. ഡി.യു, ആര്‍.ജെ.ഡി, ഡി. എം. കെ തുടങ്ങി 17 കക്ഷികളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ യോജിച്ച മുന്നേറ്റത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഈ ഐക്യം ഏറ്റവുംകൂടുതല്‍ പ്രകടമാവുക ഈ സഭാ സമ്മേളനത്തിലായിരിക്കും.
ജമ്മുകശ്മീര്‍, ഗോരക്ഷാ, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ സംവരണ ബില്‍ പാസാക്കല്‍, ഗോ രക്ഷാ ആക്രമണങ്ങള്‍ തുടങ്ങിയവ സഭയില്‍ ഉന്നയിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിട്ടുണ്ട്.