കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പി.സി ജോര്‍ജ്ജ് എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനെത്തിയ പി.സി തര്‍ക്കത്തിനിടെ തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു.

എസ്‌റ്റേറ്റ് പുറംപോക്ക് ഒരുകൂട്ടം ആളുകള്‍ കയ്യേറിയിരുന്നു. ഇതിനെച്ചൊല്ലി തൊഴിലാളികളും കയ്യേറിയവരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തിയ പി.സി ജോര്‍ജ്ജ് പിന്നീട് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

ആത്മരക്ഷാര്‍ത്ഥമാണ് തോക്കെടുത്തതെന്ന് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. ഭൂപ്രശ്‌നം ഒത്തുതീര്‍ക്കാനാണ് അവിടെ എത്തിയത്. എന്നാല്‍ എസ്‌റ്റേറ്റിലെ ഗുണ്ടകള്‍ ആക്രമിക്കാന്‍ വരികയായിരുന്നു. ഈ സാഹചര്യത്തില്‍ ആത്മരക്ഷാര്‍ത്ഥം തോക്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.