തിരുവനന്തപുരം: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രി. പേപ്പറുകള്‍ നോക്കിവായിച്ച ശേഷം ഇത് പ്രത്യേക വാര്‍ത്താസമ്മേളനമാണ്, ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പോവുകയായിരുന്നു. പിഎസ് സി പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത് അടക്കമുള്ള വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഭയന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം പെട്ടന്ന് അവസാനിപ്പിച്ചത്.

അടുത്ത 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സമൃദ്ധിയോടെ ജീവിക്കുന്ന കാലമാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. ഒരാളും പട്ടിണികിടക്കരുതെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഓണത്തിന് കിറ്റ് വിതരണം ചെയ്തത്. അടുത്ത നാല് മാസം കൂടി കിറ്റ് വിതരണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.