പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.ബി രാജേഷിനെ തോല്‍പിക്കാന്‍ വോട്ടുമറിച്ചെന്ന ആരോപണം തള്ളി പി.കെ ശശി എം.എല്‍.എ. ജീവിതത്തില്‍ ഇന്നേവരെ ആരെയും ഒറ്റുകൊടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗീക പീഡന ആരോപണത്തെ കുറിച്ചും പി.കെ ശശി പ്രതികരിച്ചു. തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കുമെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പറഞ്ഞു. പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് പൂര്‍ണമായും അംഗീകരിക്കും. രാഷ്ട്രീയജീവിതത്തില്‍ നിരാശപ്പെടേണ്ടതൊന്നും ചെയ്തില്ലെന്നും ശശി വ്യക്തമാക്കി.

ലൈംഗീക പീഡനപരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പി.കെ ശശി പിന്നീട് ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് ശശിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പരാതി അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.