തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ‘ചൗക്കീദാര്‍’ (ഒളിപ്പോരാളി) മാത്രമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്രമോദി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയ ധ്രൂവികരണത്തിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ചാണ് മോദി അധികാരത്തിലേറിയത്. മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്ത് വലിയ മുറിവാണ് ഉണ്ടാക്കിയതെന്ന്. ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ വരുത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണം എന്നുവരെ സര്‍ക്കാര്‍ തിരുമാനിക്കുന്ന കാര്യങ്ങളിലേക്കാണ് മോദിയുടെ ഭരണത്തിലെ പോക്ക്. ഗോവധ നിരോധനത്തിന്റെ പേരില്‍ രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി ദലിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടി കൊല്ലപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മോദിയുടെ വികലമായ സാമ്പത്തിക നയത്തിന്റെ പ്രതിഫലനമായിരുന്നു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെരുവിലേക്കിറക്കിയ നോട്ട് നിരോധനം. സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കുകയാണ് കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്, ചെന്നിത്തല വ്യക്തമാക്കി.

.