നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ അതിരൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതു വര്‍ഷ സന്ദേശം. സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും നടത്താതെ ബജറ്റ് നിര്‍ദേശങ്ങള്‍ പോലെ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് മോദി നടത്തിയത്. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

  • നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യം, രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കും.
  • സ്വന്തം പണം പിന്‍വലിക്കാന്‍ ജനത്തിന് ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. അവരുടെ സംയമനം രാജ്യത്തിന്റെ ശോഭനമായ ഭാവിക്കു അടിത്തറ പാകി.
  • ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാറിന്റെ കരുത്ത്. ജനം അഴിമതിയില്‍ നിന്നു മോചനം ആഗ്രിക്കുന്നു.
  • കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെയാണ്. സര്‍ക്കാരിനൊപ്പം ജനങ്ങളും കൈകോര്‍ത്തു. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നു.
  • അഴിമതിയില്‍ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്നു.
  • രാജ്യത്തെ മൊത്തം ജനങ്ങളില്‍ 24 ലക്ഷം പേര്‍ മാത്രമാണ് 10 ലക്ഷത്തിനു മേല്‍ വരുമാനമുണ്ടെന്ന് സമ്മതിച്ചത്.
  • അഴിമതി കാണിച്ച സര്‍ക്കാര്‍ ജീവനക്കാരേയും ബാങ്ക് ജീവനക്കാരേയും വെറുതെ വിടില്ല.
  • പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പിന്നാക്ക, മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. പരമ്പരാഗത രീതി ഉപേക്ഷിക്കാന്‍ തയ്യാറാവണം.