പി.എം.സാദിഖലി

അതിനിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജനാധിപത്യ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കുകയെന്നതാണ് സുപ്രധാനം.പാർലമെൻ്ററി ജനാധിപത്യത്തിൽ കുറച്ചു കാലമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളുടെ ശരിയാക്കലാണ് രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത്.

ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെങ്കിലും 150 സീറ്റുകൾക്കടുത്ത് സ്വന്തമായി നേടിയാൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത് തങ്ങൾക്ക് സർക്കാരുണ്ടാക്കാൻ ഉറപ്പായും കഴിയുമെന്ന നിശ്ചയ ദാർഢ്യത്തിലാണ് ബിജെപി. 
ഇപ്പോഴത്തെ രാഷ്ട്രപതിക്കാണെങ്കിൽ അതിന് അല്പം തിടുക്കവും കൂടും. ഒരു ഹങ്ങ് പാർലമെൻറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയെന്നതാണ് കീഴ് വഴക്കം.

രാഹുലിൻ്റെ നേതൃത്വത്തിൽ യുപിഎ നടത്തുന്ന മുന്നേറ്റത്തിന് വലിയ സാധ്യതയാണ് ഉള്ളതെങ്കിലും മറിച്ചുള്ള സാഹചര്യവും മുൻകൂട്ടി കണ്ടുകൊണ്ടുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജി രൂപപ്പെടുത്തിയെടുത്തുവെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സവിശേഷത. 
ബി ജെ പിയിൽ നിന്ന് എങ്ങിനെയും രാജ്യത്തെ കരകയറ്റുന്നതിനാണിത്. 
ഈ തെരഞ്ഞെടുപ്പിൽ 420 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ്സ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ 48 ൽ നിന്ന് ഉയിർത്ത് എഴുന്നേറ്റു വേണം ഈ ദൗത്യനിർവ്വഹണത്തിന് നേതൃത്വം കൊടുക്കുവാൻ എന്നുകൂടി ഓർക്കണം.

സി പി എമ്മിൻ്റെ കാര്യം പോകട്ടെ മറ്റു ദേശീയ കക്ഷികൾ എന്ന് അവകാശപ്പെടുന്നവരോ പ്രാദേശിക കക്ഷികളോ 50 കടക്കാൻ യാതൊരു സാധ്യതയുമില്ലെന്നത് മറുവശം. ഫലത്തിൽ ഒരു ഘട്ടത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിക്കുവേണ്ടി മത്സരിക്കേണ്ടി വരിക കോൺഗ്രസ്സോ ബിജെപിയോ മാത്രമാണന്ന് ചുരുക്കം.

അങ്ങിനെയെങ്കിൽ ഇവിടെ വിജയിപ്പിച്ചാൽ അവിടെ കേന്ദ്രത്തിൽ ഞങ്ങൾ മതേതര മുന്നണിയെ പിന്തുണക്കുമെന്ന ഇടത് വോട്ട് വാദത്തിന് ഇത്തരുണത്തിൽ വല്ല കഴമ്പുമുണ്ടോ?
ബി ജെ പി ക്കെതിരെ അവിടെ കോൺഗ്രസ്സ് ഉണ്ടായേ തീരൂ. അപ്പോൾ ഉള്ള സീറ്റുകളിൽ വിശാല പ്രതിപക്ഷ ഐക്യത്തിനു വേണ്ടി സി പി എം മുന്നണി യോട് കോൺഗ്രസ്സിന് തോറ്റ് കൊടുക്കാമോ?

ബി ജെ പി യുമായി ഏറ്റുമുട്ടാൻ സി പി എം കൊള്ളാം എന്ന് കരുതുന്ന അതിസെൻ്റിമെൻ്റലുകൾ ഓർക്കുക. നിങ്ങൾ അവർക്ക് നൽകുന്ന ഓരോ വോട്ടും കോൺഗ്രസ്സിനെ തോൽപ്പിച്ച് ബി ജെ പി യെ അധികാരത്തിൽ ഏറ്റാൻ മാത്രമേ ഉപകരിക്കൂ. 
ഇത് കൊന്ന് തീർക്കലല്ല.
പാർലമെൻ്ററി ജനാധിപത്യത്തിലെ കണക്കിലെ കളിയാണ്.

2004 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച 61 ൽ അമ്പത്തിയേഴും കോൺഗ്രസ്സിനെ തോൽപ്പിച്ചാണെന്ന് ഇപ്പോഴും വീമ്പ് പറയുന്ന യെച്ചൂരി സർ, ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള ത്രാണിയെങ്കിലുമുണ്ടോ ഇപ്പോൾ താങ്കളുടെ പൊന്നരിവാൾ പാർട്ടിക്ക്?

അതെല്ലാം മറന്നേക്കൂ!

അമുൽ ബേബീയെന്നും പപ്പൂവെന്നും ബി ജെ പി ക്കൊപ്പം മത്സരിച്ച് വിളിച്ചോളൂ.
രാജ്യത്തിൻ്റെ ഭാവി മാത്രം മുൻനിർത്തി രാഷ്ട്രീയ കരുക്കൾ തന്ത്രപൂർവ്വം നീക്കി സംഘി പിശാചുക്കളെ പടിയിറക്കാൻ ദക്ഷിണേന്ത്യയിലെ വയനാട്ടിൽ മത്സരിക്കാനുള്ള ആ ബുദ്ധികൂർമ്മതയുണ്ടല്ലൊ…
അതിന്,
അതിസാമർത്ഥനായ നവ യുവ രാഷട്രീയ ചാണക്യനെന്ന് തെളിയിച്ച നമ്മുടെ രാഹുലിന് ബിഗ് സല്യൂട്ട്!!

ഇനി പറയൂ…
ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെങ്കിലും സി പി എം മുന്നണി തൽക്കാലത്തേക്ക് ഒന്ന് മാറി നിൽക്കലല്ലെ അതിൻ്റെയൊരു ശരി.
രാജ്യത്തിന് വേണ്ടി അങ്ങിനെയൊരു ത്യാഗമെങ്കിലും നിങ്ങളിൽ നിന്നുണ്ടാവട്ടെ!
ചരിത്രം എന്നും അത് ഓർമ്മിക്കും.

അത് കൊണ്ട്
പ്രിയ സഖാക്കളെ
സഹൃദയരെ,
സഹകരിക്കുക.
പരിപാടികൾ ഗംഭീരമാകട്ടെ!