Connect with us

More

നൂറോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച; മോഷ്ടാവ് പോത്തന്‍ വാവ അറസ്റ്റില്‍

Published

on

തൃശൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന മലപ്പുറം കാലടി സ്വദേശി കൊട്ടരപാട്ടില്‍ വീട്ടില്‍ പോത്തന്‍ വാവ എന്നറിയപ്പെടുന്ന സജീഷി (38) നെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 17ന് രാത്രി തൃശൂര്‍ മുണ്ടൂരിനടുത്തുള്ള മുണ്ടയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണവും മറ്റും മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ അമ്പലമോഷ്ടാവ് പിടിയിലാകുന്നത്.
മലപ്പുറം എടപ്പാള്‍ സ്വദേശിയായ പോത്തന്‍ വാവ ഇരുപതാമത്തെ വയസില്‍ കടകളിലും മറ്റും ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയാണ് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വീടിനടുത്തുള്ള അമ്പലങ്ങളുടെ ഭണ്ഡാരങ്ങളും മറ്റും തകര്‍ത്ത് മോഷണങ്ങള്‍ തുടരുകയായിരുന്നു. 2008 ല്‍ തൃശൂര്‍ കുന്നംകുളത്തിനടുത്ത് അമ്പലത്തില്‍ മോഷണം നടത്തുന്നതിനിടയില്‍ അമ്പലത്തില്‍ കിടന്ന് ഉറങ്ങിപ്പോയതിനാല്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇയാള്‍ ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇയാള്‍ നിരവധി തവണ മോഷണശ്രമങ്ങള്‍ക്കിടയില്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2014 ല്‍ നിരവധി മോഷണക്കേസുകളില്‍ പോലീസിന്റെ പിടിയിലായി ജയിലില്‍ പോയതിനുശേഷം 2017ലാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം തൃശൂര്‍, മലപ്പുറം ജില്ലകളിലായി മുപ്പത്തിമൂന്നോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച ചെയ്തിട്ടുള്ളതായും ബൈക്കുകള്‍ മോഷ്ടിച്ചതായും പൊലീസ് ചോദ്യം ചെയ്യലില്‍ പോത്തന്‍വാവ സമ്മതിച്ചിട്ടുണ്ട്.
അമ്പലങ്ങളില്‍ മോഷണങ്ങള്‍ നടത്തുന്നതിനായി ഇയാള്‍ ആദ്യം ബൈക്ക് വീടുകളില്‍നിന്നോ റോഡരികില്‍നിന്നോ മോഷ്ടിക്കും. മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങിനടന്ന് ചെറുതും വലുതുമായ അമ്പലങ്ങളിലെ ഭണ്ഡാരങ്ങളും ശ്രീകോവിലിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി. ഒരു ദിവസം തന്നെ നിരവധി അമ്പലങ്ങളില്‍ മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷ്ടിച്ചെടുത്ത ബൈക്കിലെ പെട്രോള്‍ തീരുമ്പോള്‍ റോഡരികിലോ വീടുകളിലോ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് മോഷ്ടിച്ച ബൈക്കില്‍ ഒഴിച്ച് യാത്ര ചെയ്യുകയാണ് പതിവ്. ബൈക്കിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് യാത്രകള്‍ക്കായി മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതും ഇയാളുടെ രീതി ആണ്.
ജയിലില്‍ നിന്നിറങ്ങിയതിനുശേഷം പ്രതി ഈ മാസം മൂന്നിന് രാത്രി എടപ്പാള്‍ പൊല്‍പ്പാക്കര ശ്രീ ആഴികുറ്റിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും മറ്റും മോഷണം നടത്തിയതായും അന്നു രാത്രി തന്നെ പൊല്‍പ്പാക്കര പള്ളിയില്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കി. എടപ്പാള്‍ അണക്കാംപാടം തെക്കേപുരക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
തൃശൂര്‍ മുതുവറ മാനവസേവ ആസ്പത്രിക്കടുത്തുള്ള ക്ഷേത്രം, കണ്ടനകം വെള്ളാമ്പുള്ളിക്കാവ് ക്ഷേത്രം, കണ്ടനകം തിരുമാണിയൂര്‍ ക്ഷേത്രം, കണ്ടനകം വേട്ടക്കൊരുമകന്‍ ക്ഷേത്രം, എടപ്പാള്‍ കാലടി ശിവ ക്ഷേത്രം, അണക്കുംപാടം അണ്ണൈക്കാട് ഭഗവതി ക്ഷേത്രം, അണക്കുംപാടം ശിവ ഭഗവതി ക്ഷേത്രം, നരിപ്പറമ്പ് ദുര്‍ഗ ഭഗവതി ക്ഷേത്രം, നരിപ്പറമ്പ് ഭഗവതി ക്ഷേത്രം, അവനൂര്‍വഴി മതിരശേരി കരിമ്പിടിയിന്‍കാവ് ക്ഷേത്രം, മതിരശേരി തറവാട്ടമ്പലം, അരയാല്‍ക്കല്‍ ഭദ്രകാളി ക്ഷേത്രം, എടപ്പാള്‍ അംശകച്ചേരി പരദേവത ക്ഷേത്രം, കോലത്തറ കുന്നപുള്ളുവന്‍പടി ദേവി ക്ഷേത്രം, ത്രിപുരാന്ധക ശിവക്ഷേത്രം, കുറ്റിപ്പുറം പരദേവത ക്ഷേത്രം, തണ്ടലം ശ്രീ ദുര്‍ഗ ഭഗവതി മഹാക്ഷേത്രം, കോക്കൂര്‍ ശിവ ക്ഷേത്രം, കക്കടിപ്പുറം ശ്രീ അസുരമഹാകാളന്‍ ക്ഷേത്രം, എടപ്പാള്‍ പാറപ്പുറത്ത് ദുര്‍ഗാഭഗവതി ക്ഷേത്രം, തലമുണ്ട മാനത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, ചങ്ങരംകുളം എക്കിക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുഴ അയ്യപ്പ ക്ഷേത്രം, തട്ടാന്‍പ്പടി ദുര്‍ഗ ഭഗവതി ക്ഷേത്രം, കുറ്റിപ്പുറം മൂടാല്‍ പറകുന്നത്ത് ഭഗവതി ക്ഷേത്രം, കല്ലുംപുറം ഇടമന ശ്രീ ഭദ്രകാളി ക്ഷേത്രം, കടവല്ലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മന്തട്ട ശിവ ക്ഷേത്രം, ചിയാനൂര്‍ മാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രം, ഐലക്കാട് പറയന്‍വളപ്പില്‍ ശ്രീ ഭഗവതിചാത്തന്‍സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് ഭക്തര്‍ ദക്ഷിണയായി ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച പണവും മറ്റും കവര്‍ച്ച നടത്തിയതായും പൊലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ രാത്രി മോഷണം നടത്തേണ്ട ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നതിനും അമ്പലകവര്‍ച്ചക്കായി രാത്രി യാത്ര ചെയ്യുന്നതിനും പോത്തന്‍ വാവ ഉപയോഗിച്ചിരുന്നത് വീടുകളില്‍നിന്നും മറ്റും മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളായിരുന്നു. ജയിലില്‍നിന്നിറങ്ങിയതിനുശേഷം മെയ് 27ന് എടപ്പാള്‍ കാവില്‍പ്പടി സ്വദേശി വക്കട്ടായില്‍ വീട്ടില്‍ ജഗദീഷിന്റെ വീട്ടില്‍നിന്നും ബൈക്ക് മോഷ്ടിക്കുകയും നിരവധി അമ്പലമോഷണങ്ങള്‍ക്ക് ഉപയോഗിച്ചശേഷം ബൈക്കിന്റെ ടയര്‍ പഞ്ചറായപ്പോള്‍ പേരാമംഗലത്തിനടുത്ത് റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നിന് ബി.എസ്.എന്‍.എല്‍. ജോലിക്കാരനായ എടപ്പാള്‍ അണക്കാംപാടത്ത് കാലിയംപള്ളത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.
സജീഷ് ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം മുപ്പത്തിമൂന്നോളം അമ്പലങ്ങളില്‍ മോഷണം നടത്തിയതായും മൂന്നു
ബൈക്കുള്‍ മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. അമ്പലങ്ങളില്‍ മോഷണം നടത്തി ലഭിച്ച പണം നിരന്തരം യാത്ര ചെയ്യുന്നതിനും പുതിയതായി റിലീസ് ആകുന്ന സിനിമകള്‍ കാണുന്നതിനും ആഢംബര ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനായും മറ്റും ചെലവാക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പോത്തന്‍വാവയെ ചോദ്യം ചെയ്തതില്‍നിന്ന് പ്രതി മോഷ്ടിച്ചെടുത്ത രണ്ട് ബൈക്കുകളും പണവും തിരുവാഭരണവും മറ്റും വിവിധ സ്ഥലങ്ങളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ പോത്തന്‍വാവ. പേരാമംഗലം എസ്.ഐ. ലാല്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍ എ.എസ്.ഐമാരായ പി.എം. റാഫി, എന്‍.ജി. സുവൃതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് കെ.ബി., പേരാമംഗലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സുനില്‍കുമാര്‍, സോമന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

Trending