തിരുവനന്തപുരം: ജനക്കൂട്ടം തടിച്ചുകൂടി ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടി. ജില്ലാ ഭരണകൂടം ഇടപെട്ടാണ് പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമെന്ന് പരസ്യം നല്‍കുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ വന്‍ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു.

സവാള, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി ഒന്‍പത് സാധനങ്ങള്‍ 11, 12 തീയതികളില്‍ കിലോയ്ക്ക് ഒന്‍പതു രൂപയ്ക്ക് ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങലിലൂടെയും പരസ്യങ്ങലിലൂടെയും അറിയിച്ചിരുന്നത്. പരമാവധി ഒരാള്‍ക്ക് രണ്ടുകിലോ വീതം സാധനം നല്‍കുമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇത് കണ്ടാണ് നൂറുകണക്കിന് സാധാരണക്കാരായ ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടിയത്.

സവാളയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും വില കൂടിയ സമയമായതിനാല്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സാധനം വാങ്ങാന്‍ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെ പാലിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കടകളില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള സന്ദര്‍ശക രജിസ്റ്ററും ഇവിടെ കൃത്യമായി സൂക്ഷിച്ചിരുന്നില്ല.

പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് സ്ഥാപനം പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.