തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സി വരുന്നു. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി.

നിലവില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പിആര്‍ഡിയും സിഡിറ്റും, ഓരോ പദ്ധതികള്‍ക്കായി ചെറുകിട പി ആര്‍ ഏജന്‍സികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി ആര്‍ ഏജന്‍സി വരുന്നത്. ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പിആര്‍ഡി അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഇവാല്വേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഇതിനായി എത്ര തുക ചെലവാക്കുമെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു സോഷ്യല്‍ മീഡിയ ദേശീയ ഏജന്‍സിയെക്കൂടി നിയമിക്കുന്നത് വിവാദമാവും.