ഹൈദരാബാദ്: ഗര്‍ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്‍വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി ഏഴു കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തില്‍ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് വനമേഖലയിലൂടെയാണ് പ്രസവവേദനയുള്ള യുവതിയെ ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത്. നാല് കിലോമീറ്റര്‍ എത്തിയപ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.

 

പ്രസവശേഷം അമ്മയും കുഞ്ഞുമായും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോവാതെ വീട്ടിലേക്ക് തിരിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. വിജയനഗരത്തില്‍ ആദ്യമായല്ല, ഇത്തരം സംഭവം നടക്കുന്നത്. ഗ്രാമത്തില്‍ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇവിടെ സ്ഥിരം കാഴ്ചയാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.