തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ പിടിയില്‍. അരി, പച്ചക്കറി, മത്സ്യമാംസ്യങ്ങള്‍ എന്നിവക്കെല്ലാം ഒരേപോലെ വില കുതിച്ചുയരുന്നത് ഇതാദ്യം. അരിയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെയാണ് വര്‍ധിക്കുന്നത്.

ജയ അരിക്ക് 40 മുതല്‍ 45 വരെയും സുരേഖ അരിക്ക് 41- 43 രൂപയുമാണ് ഹോള്‍സെയില്‍ വില. എന്നാല്‍ ഇത് ചില്ലറ വില്‍പന കടകളിലെത്തുമ്പോള്‍ കിലോക്ക് 55 രൂപയും അതിനുമുകളിലും ഈടാക്കപ്പെടുന്നു. ചമ്പാ അരിയുടെ വില 58 രൂപയാണ്.കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ചുരൂപയുടെ വര്‍ധനയാണുണ്ടായത്. ബ്രാന്റഡ് മട്ട അരി കിലോ 51 മുതല്‍ 55 രൂപ വരെയാണ് വില. പച്ചരി 22 ല്‍നിന്ന് 26 എന്ന നിലയിലേക്ക് ഉയര്‍ന്നു. കാബൂളി കടല കിലോക്ക് 180 രൂപയായി. നാടന്‍ കടല കിലോക്ക് 92 മുതല്‍ 96 വരെയായി വില ഉയര്‍ന്നു. ചെറിയ ഉള്ളി കിലോക്ക് 140 മുതല്‍ 145 വരെയായി. സവാളയുടെ വിലയിലും 5രൂപ മുതല്‍ 10രൂപ വരെ വര്‍ധനവുണ്ടായി. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ല്‍ എത്തി. വെളിച്ചെണ്ണക്ക് 147 രൂപയാണ് വില. പഞ്ചസാര- 45, വന്‍പയര്‍- 78, കാരറ്റ്- 80, ബീറ്റ്‌റൂട്ട്- 46, കുമ്പളങ്ങ- 27, കറിക്കടല- 100, ജീരകം- 290, ചേന – 59, മരച്ചീനി- 27, കരുപ്പട്ടി- 163, പുളി- 118 എന്നിങ്ങനെയാണ് ഇന്നലത്തെ വില. മുളക്, ഉഴുന്ന്, സാമ്പാര്‍ പരിപ്പ്, ചെറുപയര്‍, വെളുത്തുള്ളി തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു.
പൊതുവിപണിയില്‍ ഇടപെടാനോ വിലക്കയറ്റത്തിന് പരിഹാരം കാണാനോ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. റമസാന്‍, ഓണം പ്രമാണിച്ച് ഉണ്ടാകാന്‍ ഇടയുള്ള കൊള്ളവിലക്കയറ്റം തടയാന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യാന്‍ ആലോചിക്കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുടെ ഓഫീസിനും മറുപടിയില്ല. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരിവില കൂടാന്‍ കാരണമായതെന്നും നെല്ലിന് കിലോഗ്രാമിന് മൂന്നു രൂപയാണ് കഴിഞ്ഞദിവസം വര്‍ധിച്ചതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം വിലകയറ്റം ചില വ്യാപാരികള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. ലീഗല്‍ മെട്രോളജി കര്‍ശന പരിശോന നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. കാലിവില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചിവിലയും കുതിച്ചുയര്‍ന്നു. പോത്തിറച്ചിക്ക് 20 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് കിലോക്ക് 25 രൂപ വര്‍ധിച്ചു. ആട്ടിറച്ചി കിലോക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്. മത്സ്യയിനങ്ങള്‍ക്ക് പെട്ടെന്നുണ്ടായ വിലയക്കറ്റം ഞെട്ടിക്കുന്നതായി. അയലക്കും മത്തിക്കും കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടി വിലയാണിപ്പോള്‍ നെയ്മീന്‍, കരിമീന്‍ എന്നിവക്കും വില കയറിയിട്ടുണ്ട്. തമിഴ്‌നാട് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മീന്‍ 30 ശതമാനം കുറഞ്ഞു. കേരളത്തിലെ ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ വില ഇനിയും ഉയരും. നേരത്തെ അരിവില 50 രൂപ കടന്നപ്പോള്‍ പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് അരി എത്തിച്ചിരുന്നു. ബംഗാളില്‍ നിന്ന് അരി എത്തിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്‌തെങ്കിലും പിന്നീടിത് നിലച്ചു. ഇതിനിടെ ആറ് റമസാന്‍ മെട്രോ ഫെയറുകളും 90 റമസാന്‍ ചന്തകളും സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 24 വരെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.