കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃത്വമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നേതൃത്വ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും താരം പറഞ്ഞു.

താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം. എന്നാല്‍ അതിനുത്തരം നേതൃത്വമാറ്റം വേണമെന്നല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പൃഥ്വിരാജ് പ്രതികരിക്കാനും തയ്യാറായില്ല. മനോരമ ന്യൂസിനോടാണ് താരത്തിന്റെ മറ്റു പ്രതികരണം.

നടിക്കുനേരെ ആക്രമണം നടന്നപ്പോള്‍ അമ്മ വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അമ്മയില്‍ നേതൃത്വമാറ്റം വേണമെന്നും യുവതാരങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ നിലപാടില്‍ മയപ്പെടുത്തി നേതൃത്വമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് താരം ഇപ്പോള്‍ പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പൃഥ്വിരാജ് സംഭവം നടന്ന സമയത്തുതന്നെ രംഗത്തുണ്ടായിരുന്നു. ദിലീപിന്റെ അറസ്റ്റിനുശേഷം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനു മുമ്പ് തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അത് മാധ്യമങ്ങളോട് പറയുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. യോഗത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ വിവരം പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.