കോട്ടയം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹദിയയുടെ വീട്ടില്‍ പ്രതിഷേധമറിയിച്ച് എത്തിയതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടു. വൈക്കം പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ളത്. ഹദിയയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. ഹാദിയയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് മലയാളി ഫെമിനിസ്റ്റ് റീഡിംങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായിരുന്നത്.

ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വീടിനു മുന്നില്‍ പ്രതിഷേധം അറിയിച്ചത്. ഇവര്‍ക്കൊപ്പം എത്തിയ ഫൈസല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇന്നുച്ചയോടെയാണ് വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി അഞ്ചുസ്ത്രീകള്‍ എത്തിയത്. എന്നാല്‍ ഹാദിയയെ കാണാന്‍ സാധിക്കുകയില്ലെന്ന് പിതാവ് അശോകന്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വൈക്കത്ത് ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്ന വീടിന് മുന്നില്‍ ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഫെമിനിസ്റ്റ് റീഡേഴ്സ് ഗ്രൂപ്പെന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നാണ് യുവതികള്‍ വ്യക്തമാക്കിയത്.

കൊണ്ടുവന്ന സമ്മാനങ്ങളെങ്കിലും ഹാദിയക്ക് നല്‍കണമെന്ന് സ്ത്രീകള്‍ അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. കൂടാതെ തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ വ്യക്തമാക്കുന്നു. ഹാദിയക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.