തെഹ്‌റാന്‍: രാജ്യവ്യാപകമായി പടരുന്ന പ്രക്ഷോഭങ്ങളില്‍ ഇറാനില്‍ മരണസംഖ്യ രണ്ടായിരത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഇതുവരെ പൂര്‍ണമായി നീക്കിയിട്ടില്ല. സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ഇപ്പോഴും സാധിക്കുന്നില്ല. ഇറാനില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാനാകുമ്പോഴും പുറത്തുള്ളവര്‍ക്ക് ഇറാനിലേക്കു വിളിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനാല്‍ രാജ്യത്തിന് പുറത്തുള്ള വെബ്സൈറ്റുകളും സേവനങ്ങളും ലഭ്യമല്ല. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ഇതേസമയം, ഇറാനെതിരെ യുഎസിന്റെ ഭീഷണി തുടരുകയാണ്.
പ്രക്ഷോഭകരെതിരായ നടപടികള്‍ ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്‌സ്, ഇറാന്‍ സര്‍ക്കാര്‍ അതിന്റെ അവസാന ദിനങ്ങളിലാണെന്ന് ബംഗളൂരുവില്‍ പ്രസ്താവിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തെഹ്‌റാനിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണെന്ന് ഒരു പ്രദേശവാസി ‘അസോസിയേറ്റഡ് പ്രസ്’ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
തെഹ്‌റാനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനങ്ങളോടെയും ആയുധങ്ങളോടെയും പൊലീസ് പട്രോളിങ് ശക്തമാക്കി. സാധാരണ വേഷത്തിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ നിരവധി ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും കത്തിക്കുകയും എടിഎമ്മുകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ചില കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ‘അല്‍ ജസീറ’യോട് പറഞ്ഞു. എന്നാല്‍ യുഎസ് ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.