തെഹ്‌റാന്‍: പ്രതിഷേധം കനക്കുന്ന ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ, അവിടെയുള്ള ഇന്ത്യക്കാരോട് ലഭ്യമായ ഏതെങ്കിലും വാഹന സൗകര്യം ഉപയോഗിച്ച് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഗതാഗത സൗകര്യം ഉപയോഗിച്ച് വേഗത്തില്‍ രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്.
രാജ്യത്തെ എല്ലാ ഇന്ത്യന്‍ പൗരരും ഇന്ത്യന്‍ വംശജരും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും, ഇന്ത്യന്‍ എംബസിയുടെയും പ്രാദേശിക മാധ്യമങ്ങളുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിഗത രേഖകളും കൈവശം സൂക്ഷിക്കണമെന്നും, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം എംബസിയുടെ സഹായം തേടണമെന്നും എംബസി അറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ്ലൈനുകള്‍: +989128109115, +989128109109, +989128109102, +989932179359.
ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരരും https://www.meaers.com/request/home എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചു. ലിങ്ക് എംബസിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചു.