പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പബ്ജി ആരാധകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഗെയിം ഇനിമുതല്‍ ലഭിക്കില്ലെന്ന് അറിയിപ്പ് പുറത്തുവിട്ടത്.

ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങള്‍ മുന്‍ഗണന നല്‍കിയിരുന്നെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡാറ്റ സുരക്ഷയുടെ എല്ലാ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങിയാണ് മുന്നോട്ട് പോയിരുന്നതെന്നും ടെന്‍സെന്റ് അറിയിച്ചു.

ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ലോകത്താകമാനം 600ദശലക്ഷം ആളുകളാണ് പബ്ജി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 33 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.