ആലുവ: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തു ദിവസത്തേക്ക് പ്രതികളെ വിട്ടു നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എട്ടു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. കാക്കനാട്ടെ ജയിലില്‍ നിന്നും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. മറ്റൊരാള്‍ അഡ്വ. ആളൂരിന്റെ ജൂനിയറും. രണ്ടു അഭിഭാഷകര്‍ ഹാജരായത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും വി.സി പൗലോസിന്റെ വക്കാലത്താണ് കോടതി പരിഗണിച്ചത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലടക്കം പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകണമെന്നും മൊബൈലും മെമ്മറി കാര്‍ഡും കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.