കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജനങ്ങളുടെ പരാതിയെക്കുറിച്ചറിയാന്‍ ഉന്നതതലസമിതിയെ നിയോഗിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നത് ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചക്കുശേഷം എസ്. ശര്‍മ്മയും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവുമാണ് യോഗ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

അതേസമയം, സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി സമരസമിതി അംഗങ്ങള്‍ വ്യക്തമാക്കി. പോലീസ് അക്രമം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സമരത്തിന്റെ കാര്യത്തില്‍ ആലോചിച്ച് നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.