ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ് അല്‍ തുര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയിലെ വര്‍ധനവും രാജ്യത്ത് നടപ്പാകുന്ന പൊതു വികസനങ്ങളും കണക്കിലെടുത്താണ് സമഗ്ര നഗരവികസന പദ്ദതി നടപ്പാക്കുന്നത്. സുസ്ഥിര വികസനത്തിന്റെ മാതൃക സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദശീയ നിലവാരത്തില്‍ നഗര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഹരിത വലയത്താല്‍ ചുറ്റപ്പെടുന്ന വിധത്തിലാണ് ഓരോ നഗരത്തെയും വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടംഘട്ടമായി ഭൂമി വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നുണ്ട്.
നാല് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍, മൂന്ന് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള മൂന്ന് സാമ്പത്തിക മേഖലകള്‍, ഒരു കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള എട്ട് വിതരണ, സംഭരണ പ്രദേശങ്ങള്‍, 1.49 കോടി ചതുരശ്ര മീറ്ററില്‍ മൂന്ന് ലോജിസ്റ്റിക് പ്രദേശങ്ങള്‍, 35 ചതുരശ്ര കിലോമീറ്ററില്‍ രണ്ട് കാര്‍ഷിക സമുച്ഛയങ്ങള്‍, സെന്‍ട്രല്‍- കന്നുകാലി മാര്‍ക്കറ്റുകള്‍, ബസ്- ടാക്‌സി സ്റ്റോപുകള്‍ക്കു സമാനമായ ഗതാഗത മേഖലയിലെ സേവന മേഖലകള്‍, ആഭ്യന്തര മന്ത്രാലയത്തിന് സേവന കേന്ദ്രങ്ങള്‍, 72 സര്‍ക്കാര്‍ സ്‌കൂളുകള്‍, 40 സ്വകാര്യ സ്‌കൂളുകള്‍, 21 കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, കമ്യൂനിറ്റി കോളജിന് പുതിയ കേന്ദ്രം അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍, തൊഴിലാളികളുടെ താമസത്തിന് ഏഴ് സ്ഥിര കേന്ദ്രങ്ങളും 17 താത്കാലിക കേന്ദ്രങ്ങളും എന്നിവയുള്‍പ്പടെയാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമഗ്ര ആസൂത്രണ മാനദണ്ഡങ്ങളും വ്യവസ്ഥകളും സര്‍വേയും അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തീരപ്രദേശങ്ങള്‍, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയുടെ കൈകാര്യനിര്‍വഹണത്തിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാതിര്‍ത്തികളിലെ താമസത്തിനുള്ള നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളും സിഎംസി യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ നിലവില്‍ വീടുകളുള്ളവരെ നഗരങ്ങളിലേക്ക് മാറ്റുന്നതിനു പകരം താമസിക്കുന്നതിന് കൂടുതല്‍ സുഗമമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തു. ശൈത്യകാല ക്യാമ്പിങ് പ്രദേശങ്ങളും താമസ മേഖലയും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞത് രണ്ടുകിലോമീറ്റര്‍ വരെയെങ്കിലും ആക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരോട് സി എം സി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് പ്രത്യേകം ക്യാമ്പിങ് പ്രദേശവും പ്രായം കുറഞ്ഞവര്‍ക്ക് പ്രത്യേകവുമായി ക്യാമ്പ് നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.