പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് രഹനയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബി.എസ്.എന്‍.എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷ്യന്‍ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

രഹനക്കെതിരെ കഴിഞ്ഞ മാസം 20-നാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പത്തനംതിട്ട ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.