പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. മതവും ജാതിയും അല്ല എനിക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ഉള്ള വിഷയങ്ങള്‍ രാജ്യത്തെ അഴിമതി, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് എനിക്ക് സംവദിക്കാനുള്ളത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങി കഠിനമായി ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ താന്‍ സംവാദത്തിന് വിളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. താന്‍ അദ്ദേഹത്തോട് പൊതുപരിപാടികളില്‍ സ്‌നേഹത്തോടെ മാത്രമാണ് സംസാരിച്ചതെന്നും എന്നാല്‍ അദ്ദേഹം ഒരു മറുപടിയും നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹം തന്നോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളെ കേള്‍ക്കാതിരുന്നാല്‍ നല്ല രീതിയില്‍ ഭരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് ചിലര്‍ പറഞ്ഞത് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാനാകില്ലെന്നാണ്. എന്നാല്‍ തങ്ങള്‍ പോരാട്ടം അവസാനിപ്പിക്കാതെ പാര്‍ലമെന്റിലും പുറത്തും പൊരുതി. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. മോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.