ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിക്കൊരു സിനിമാ ഫ്രാഞ്ചൈസിയുണ്ടെങ്കില്‍ അതിന് ‘ലൈ ഹാര്‍ഡ്’ എന്ന് പേരിടാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ആക്ഷന്‍ സിനിമാ പരമ്പരയാണ് ഡൈ ഹാര്‍ഡ്. ബി.ജെ.പി ലൈ ഹാര്‍ഡ്, ബി.ജെ.പി ലൈസ്, ഹൗമെനി ബി.ജെ പി ലൈസ് എന്നി ഹാഷ്ടാഗുകളും രാഹുല്‍ ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്നലെ ബി.ജെ.പിക്കെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. നുണകള്‍ കൊണ്ട് കെട്ടിപൊക്കിയതാണ് ബിജെപി എന്നാണ് രാഹുലിന്റെ വിമര്‍ശനമുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോളിവുഡ് ചിത്രം ഡൈ ഹാര്‍ഡിനെ കൂട്ടുപിടിച്ചുള്ള ലൈ ഹാര്‍ഡ് വിമര്‍ശനം. ടു ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ചുള്ള കോടതിവിധി വന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം ശക്തമായത്. കേസില്‍ കനിമൊഴിയും എ രാജ ഉള്‍പ്പെടെയുള്ളവരെ പാട്യാല സിബിഐ പ്രത്യേകകോടതി വെറുതെ വിട്ടിരുന്നു.