ജോധ്പൂര്‍: കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്‌നാഥ് സിങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതിരിക്കാന്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കൂട്ട അവധിയെടുത്തു. രാജ്‌നാഥ് സിങ് രാജസ്ഥാന്‍ സന്ദര്‍ശിച്ച തിങ്കളാഴ്ച 250-ലധികം പൊലീസുകാരാണ് അവധിയില്‍ പോയത്. അനധികൃതമായി അവധിയെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ അശോക് രാത്തോഡ് പറഞ്ഞു.
പൊലീസുകാരുടെ മാസ ശമ്പളം 24,000-ല്‍ നിന്ന് 19,000 ആയി കുറച്ചേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് പൊലീസുകാര്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇത് വെറും അഭ്യൂഹമാണെന്ന് രാജസ്ഥാന്‍ ഡി.ജി.പി വ്യക്തമാക്കിയെങ്കിലും രേഖാ മൂലമുള്ള ഉറപ്പു കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.
അതിനിടെ, രാജ്‌നാഥ് സിങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനുള്ള ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരും അവധിയില്‍ പോയി. അവധി അപേക്ഷ ഉന്നത ഉദ്യോഗസ്ഥര്‍ തള്ളിയെങ്കിലും ഇവര്‍ യൂണിഫോം അണിയാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ നിന്ന് പൊലീസിനെ എത്തിച്ചാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്.
മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റിന് വന്‍ തിരിച്ചടിയായി തങ്ങളുടെ ദേശീയ നേതാവ് കൂടിയായ രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഭവം.
Be the first to write a comment.