ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന്‍ കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം കോടതിക്കും നല്‍കിയ രാജിക്കത്തില്‍ ഈ കാര്യം പരാമര്‍ശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചായ അനില്‍ കുംബ്ലെയും നായകനായ വിരാത് കോലിയും തമ്മിലുള്ള പിണക്കം വാര്‍ത്തകളില്‍ നിറയവെയാണ് ഗുഹ നാടകീയമായി രാജിക്കത്ത് നല്‍കിയത്. അനില്‍ കുംബ്ലെയുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ഗുഹ. ടീം സെലക്ഷന്‍, പരിശീലക സെലക്ഷന്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ക്യാപ്റ്റന്മാര്‍ ഇടപെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുകയാണ്. തുടര്‍ന്ന് പുതിയ പരിശീലകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലക പദിവിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുളള അവസരം ഉപയോഗപ്പെടുത്തി വീരേന്ദര്‍ സേവാഗ്, മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി തുടങ്ങിയവര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ക്ക് സേവാഗിനോട് താല്‍പ്പര്യമുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സേവാഗ് അപേക്ഷ നല്‍കിയതെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് ഗുഹയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ക്രിക്കറ്റ് ബോര്‍ഡും സുപ്രീം കോടതി നിയോഗിച്ച് മേല്‍നോട്ട സമിതിയും തമ്മിലുള്ള വടംവലിയും ഈ പ്രശ്‌നത്തില്‍ മറ നീക്കി പുറത്ത് വരുന്നുണ്ട്. ഗുഹ രാജിക്കത്ത് നല്‍കിയത് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി തലവന്‍ വിനോദ് റായിക്കാണ്. അനില്‍ കുംബ്ലെ വിനോദ് റായി ഉള്‍പ്പെടെയുളളവരുമായി ഉറ്റബന്ധമുള്ള വ്യക്തിയാണ്.
ചാമ്പ്യന്‍സ് ട്രോഫിക്ക് ടീം പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങളുടെയും പരിശീലകന്റെയും പ്രതിഫലം ഉയര്‍ത്തണമെന്നും ടീം സെലക്ഷന്‍ യോഗങ്ങളില്‍ കോച്ചിന് മുഖ്യ സ്ഥാനം നല്‍കണമെന്നുമെല്ലാം കുംബ്ലെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതര്‍ക്ക് നീരസമുണ്ട്. കുംബ്ലെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നു എന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു കൊടുക്കാതെ പുതിയ കരാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും. കോലിയുെട നേതൃത്വത്തില്‍ ചില സിനീയര്‍ താരങ്ങള്‍ കുംബ്ലെക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ടീം സെലക്ഷന്‍, അന്തിമ ഇലവന്‍, ഫീല്‍ഡിംഗ്, ബാറ്റിംഗ് പൊസിഷനുകള്‍ ഈ കാര്യങ്ങളില്ലെല്ലാം കുംബ്ലെ ഇടപെടുന്നു എന്നാണ് സീനിയര്‍ താരങ്ങളുടെ പരാതി. എന്നാല്‍ പരിശീലകന്‍ എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ് താരങ്ങള്‍ക്ക് കുംബ്ലെ നല്‍കിയിട്ടുണ്ട്. ടീമിന്റെ സെലക്ഷന്‍ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്ന സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗങ്ങളോട്് കുംബ്ലെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
നാളെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ പാക്കിസ്താനുമായി ഇന്ത്യ ബിര്‍മിംഗ്ഹാമില്‍ കളിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഇന്ത്യക്കാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്നലെ പരിശീലന വേളയില്‍ കുംബ്ലെ മൈതാനത്തേക്ക് വന്നപ്പോള്‍ ഗ്രൗണ്ടില്‍ നിന്നും കോലി അപ്രത്യക്ഷനായ വാര്‍ത്തയും ഇതിനിടെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ടീമിലെ രണ്ട് പ്രമുഖര്‍ ഏറ്റുമുട്ടുമ്പോള്‍ അത് കളിയെ ബാധിക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക.
സുപ്രീം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണസമിതിയില്‍ നിന്നും താന്‍ രാജിവെക്കുന്നത് തന്റെ സമീപനങ്ങളും നിലപാടുകളും ക്രിക്കറ്റ് ബോര്‍ഡ് ഭരണ സമിതി നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കൊണ്ടാണെന്ന് രാമചന്ദ്ര ഗുഹ. സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയുടെ തലവന്‍ വിനോദ് റായിക്ക് നല്‍കിയ കത്തിലാണ് അക്കമിട്ട് തന്റെ വിയോജിപ്പുകള്‍ ഗുഹ പ്രകടിപ്പിച്ചിരിക്കുന്നത്. പരിശീലകരെ നിയോഗിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് പുലര്‍ത്തുന്ന ഇരട്ടത്താപ്പിലുള്ള വിയോജിപ്പാണ് ഗുഹ ഒന്നാമതായി പ്രകടിപ്പിച്ചിരിക്കുന്നത്. ദേശീയ ടീമിന്റെയോ, ജൂനിയര്‍-സീനിയര്‍ ടീമുകളുടെയോ പരിശീലകരായി നിയോഗിക്കുന്നവരെ തന്നെ ഐ.പി.എല്‍ ടീമുകളുടെ പരിശീലകരായി നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. ദേശീയ ചുമതലയുള്ളവര്‍ക്ക് ഐ.പി.എല്‍ ജോലിയും നല്‍കരുതെന്ന് ഞാന്‍ വ്യക്തമായി ആവശ്യപ്പെട്ടതാണ്. ദേശീയ ചുമതലയുളളവര്‍ തന്നെ ഐ.പി.എല്‍ പോലെ തികച്ചും വിത്യസ്തമായ ഫോര്‍മാറ്റില്‍ നടത്തപ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ പരിശീലകപദവി നല്‍്കരുതെന്നുളള നിലപാടിനെ പക്ഷേ ക്രിക്കറ്റ് ബോര്‍ഡ് ഗൗനിച്ചില്ല. മറ്റൊന്ന് ബി.സി.സി.ഐയുമായി കമന്റേറ്റര്‍ കരാറുള്ള താരങ്ങള്‍ തന്നെ കളിക്കാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പര്‍ താര സംസ്‌ക്കാരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ബാധം തുടരുകയാണ്. പല മുന്‍കാല താരങ്ങളും ഡബിള്‍ ജോലിയാണ് ചെയ്യുന്നത്. സംസ്ഥാന അസോസിയേഷനുകളെ നയിക്കുന്നവര്‍ തന്നെ കളി പറയാന്‍ വരുന്നു. മഹേന്ദ്രസിംഗ് ധോണിക്ക് എ ഗ്രേഡ് നല്‍കിയതിലും വിയോജിപ്പുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാല നേട്ടത്തില്‍ ഹെഡ് കോച്ച് എന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ റോള്‍ വലുതാണ്. പക്ഷേ അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കുന്നില്ല. ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കാര്യമായ പ്രതിഫലം നല്‍കുന്നില്ല. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ വളരെ കര്‍ക്കശമായിട്ടും ക്രിക്കറ്റ് ഭരണത്തില്‍ ഇടപെടാന്‍ കഴിയാതെ ഭരണ സമിതി വിറങ്ങലിച്ച് നില്‍ക്കുന്നതിലും നിരാശയുണ്ടെന്ന് ഗുഹ കത്തില്‍ പറയുന്നു.