റമദാന്‍ മാസത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ആഭ്യന്തരമന്ത്രി രാജനാഥ് സിങ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട. സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കരുതെന്ന ബി.ജെ.പിയുടെയും സൈന്യത്തിന്റെയും ആവശ്യം തള്ളിയാണ് സര്‍ക്കാറിന്റെ തീരുമാനം.

മുസ്ലിംകള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ നോമ്പനുഷ്ടിക്കാന്‍ വേണ്ടിയാണ് സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ നീക്കത്തെ എല്ലാവരും പിന്തുണക്കണമെന്നും ഇസ്ലാമിന് മോശപ്പേരുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. റമദാനില്‍ സംസ്ഥാനത്ത് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം നേരത്തെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.