കോഴിക്കോട്: ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും അതിനുള്ള അനുവാദം രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യു.ഡി.എഫ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. കോടതിവിധി വരുംമുമ്പ് വളരെ ആലോചിച്ചാണ് യു.ഡി.എഫ് നിലപാട് എടുത്തതെന്നും ആദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസിന്റെ വികാരം മാനിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞത് ഉന്നതമായ ജനാധിപത്യബോധമുള്ളതിനാലാണെന്നും ചെന്നിത്തല പറഞ്ഞു. ഭക്തരുടെ വികാരം കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കേരളത്തിലെ നേതാക്കള്‍ ബോധിപ്പിച്ചു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. കേരളത്തില്‍ പൊലീസ് രാജ് ആണ്. സമാധാനപരമായി നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്ത് വേട്ടയാടുകയാണ് പൊലീസ്. കോടതിവിധിക്കെതിരെ കോടതിയുടെ മുമ്പില്‍ സമരം ചെയ്തവര്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.