തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. കെ.ടി ജലീല്‍ വിഷയത്തില്‍ 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരവും കലക്ടറേറ്റ് മാര്‍ച്ചും നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മാര്‍ക്ക് ദാനം മുതല്‍ ഒരുപാട് വിവാദങ്ങളില്‍ പെട്ടയാളാണ് ജലീല്‍. ഏറ്റവും ഒടുവില്‍ സ്വര്‍ണക്കടത്ത് കേസിലും പെട്ടിരിക്കുന്നു. ജലീല്‍ എന്ത് തെറ്റുചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണ്. മന്ത്രി രാജിവെക്കുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കും. ഓരോ ദിവസവും സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

നേരത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. ഇ.ഡി വിളിച്ച് ചോദ്യം ചെയ്തു. ഇനിയും വിളിക്കുമെന്ന് പറയുന്നു. ഇപ്പോള്‍ ഒരു മന്ത്രി പുത്രനെതിരായ ആരോപണവും പുറത്തുവന്നിരിക്കുന്നു.

മന്ത്രി പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.