കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹാജരായ അഡ്വ രാംകുമാറിന്റെ പ്രതിഫലമാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. മണിക്കൂറിന് കാശ് വാങ്ങുന്ന ഹൈക്കോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകനാണ് രാംകുമാര്‍.

ഒരു സിറ്റിങ്ങിന് ഒരു ലക്ഷം എന്നതാണ് രാംകുമാറിന്റെ കണക്കെന്നാണ് കൊച്ചിയിലെ അഭിഭാഷക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേ സമയം ദിലീപ് കേസില്‍ ഇത് ഇരട്ടിയാണെന്നും അണിയറയില്‍ സംസാരമുണ്ട്. കേസില്‍ ദിലീപിനെതിരെ പോലീസ് ഇത്രയധികം തെളിവുകള്‍ കണ്ടെത്തിയതിനാലും സെലിബ്രിറ്റി കേസ് ആയതിനാലുമാണ് പ്രതിഫലം ഇരട്ടിയാക്കിയതെന്നുമാണ് വിവരം.

ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്ത സമയത്തുതന്നെ ഏകദേശം അറസ്റ്റുചെയ്യുമെന്ന് ദിലീപിന് അറിയാമായിരുന്നു. പുറത്തിറങ്ങി കൊച്ചിയിലെത്തി രാംകുമാറുമായി അതീവരഹസ്യമായി കൂടിക്കാഴ്ച്ചയും താരം നടത്തിയിരുന്നു. പിന്നീട് അറസ്റ്റിലായതോടെ രാംകുമാര്‍ എത്തുന്നതാണ് കണ്ടത്. എന്നാല്‍ തെളിവെടുപ്പിന് എത്തിക്കുന്നയിടത്ത് ദിലീപിനേയും കോടതി പരിസരത്ത് അഡ്വ രാംകുമാറിനേയും കൂക്കിവിളിച്ചാണ് ജനം വരവേല്‍ക്കുന്നത്.