ജയ്പൂര്‍: യുവതി നല്‍കിയ പീഡന പരാതിയില്‍ ബിജെപി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. രാജസ്ഥാന്‍ ഗോഗുണ്ടയില്‍ നിന്നുള്ള എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വ്യാജ ഉറപ്പ് നല്‍കി ഭീല്‍, താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലെ നീമുച്ചില്‍ ഒരു സാമൂഹിക ചടങ്ങില്‍ പങ്കെടുക്കാനായി എംഎല്‍എ എത്തിയിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് സൗഹൃദത്തിലാവുകയും പല അവസരങ്ങളിലും തമ്മില്‍ കാണുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കിയത്. ഭാര്യയുമായി അസംതൃപ്ത ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു.