കണ്ണൂര്‍: തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തേറണ്ടി സ്വദേശി പി.വി.ദിഗേഷിനെയാണ് പോക്‌സോ കുറ്റം ചുമത്തി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള സൗഹൃദം മറയാക്കിയാണ് പതിനഞ്ചുകാരിയെ ദിഗേഷ് പീഡിപ്പിച്ചത്.

കഴിഞ്ഞ ജുലൈ ഒമ്പതിന് വീടിന് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉച്ചക്ക് രണ്ടോടെയായിരുന്നു ഇയാള്‍ കുട്ടിയുടെ വീട്ടിനടുത്തേക്ക് എത്തിയത്. കഴിഞ്ഞ മേയിലും രണ്ടു തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

മകളുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തപ്പോഴാണ് സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കുന്നത്. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ദിഗേഷ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.