കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ദേശം സ്വദേശി നിധിന്‍(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്.

ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. വൃദ്ധ സമീപവാസികളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ആലുവ ആസ്പത്രിയിലെത്തിച്ചു.

സംഭവത്തിന് ശേഷം പല ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. കൊരട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ ബംഗ്ലൂരുവിലേക്ക് കടക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ബംഗളുരുവില്‍നിന്ന് ഇരുവരും തിരിച്ചെത്തിയെന്ന് അറിഞ്ഞ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.