നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ അപകടത്തിനു കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ലോറി ഡ്രൈവര്‍ മുസ്തഫയെ കണ്ടെത്തി. 64കാരനായ ഇയാളെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കര്‍ണാടകയില്‍ നിന്ന് കരുവാരക്കുണ്ടിലേക്ക് കൊപ്രയുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്.
അപകടം നടക്കുന്നതിനു മുമ്പ് മുസ്തഫക്കു പക്ഷാഘാതം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടര്‍, ബസ്, ഓട്ടോറിക്ഷ എന്നിവയില്‍ ഇടിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതിനിടെ, മരിച്ച രണ്ടു കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് അല്‍പസമയത്തിനകം വിട്ടുനല്‍കും. വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.